വിശുദ്ധ അൽഫോൻസാമ്മ

Fr Joseph Vattakalam
19 Min Read

അന്നക്കുട്ടി: കുടമാളൂർ ഇടവകയിൽ, ആർപ്പുക്കര പ്രദേശത്ത് മുട്ടത്തുപാടത്തു യൗസേപ്പ്-മറിയം ദമ്പതികളുടെ നാലാമത്തെ മകളാണ് അന്നക്കുട്ടി. അവൾ അതീവ സുന്ദരിയായിരുന്നു. ജനനത്തിന്റെ ഒൻപതാം ദിവസംതന്നെ അവൾക്കു മാമ്മോദീസാ സ്വീകരിക്കാൻ ഭാഗ്യമുണ്ടായി. ആ കുടുംബം പരമാനന്ദത്തിലായി. പക്ഷെ, അവരുടെ സന്തോഷം വളരെ കുറച്ചൊരു കാലമേ നീണ്ടുനിന്നുള്ളു. അന്നക്കുട്ടിയുടെ അമ്മ അകാലമൃത്യു അടഞ്ഞു.

മുരിക്കൻ കുടുംബത്തിലേക്ക്
ഒരു മാസംകഴിഞ്ഞു മുരിക്കൻ പേരമ്മ അന്നക്കുട്ടിയെ മുട്ടുചിറയ്ക്കു കൊണ്ടുപോയി. പേരമ്മ അന്നക്കുട്ടിയെ പൊന്നുപോലെ വളർത്തി. കുരിശുവരയ്ക്കാനും പ്രാർത്ഥിക്കാനുമൊക്കെ അവളെ പഠിപ്പിച്ചത് ഈ പേരമ്മയാണ്. കുറച്ചു നാൾ കഴിഞ്ഞപ്പോൾ പേരമ്മ രോഗിയായി. അപ്പോൾ പിതാവ് അന്നക്കുട്ടിയെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോന്നു. അന്നക്കുട്ടിക്ക് ചാമ്പങ്ങ വലിയ ഇഷ്ടമായിരുന്നുവെന്നു കേട്ടിട്ടുണ്ട്.

ആർപ്പുക്കര തൊണ്ണാംകുഴി സ്‌കൂളിൽ
സ്‌കൂളിൽ പ്രവേശിക്കുന്നതിനുള്ള വയസ്സു തികഞ്ഞപ്പോൾ ആർപ്പുക്കര തൊണ്ണാംകുഴി ഗവ. സ്‌കൂളിൽ അന്നക്കുട്ടിയെ ചേർത്തു. അവളുടെ സഹപാഠികളിൽ ലക്ഷ്മിക്കുട്ടിയമ്മ ഉറ്റ സുഹൃത്തായി, അവൾ വളരെ ബുദ്ധിമതിയാണെന്നും പാഠങ്ങൾ വേഗം പഠിക്കാൻ കഴിഞ്ഞിരുന്നുവെന്നും അടുത്തകാലംവരെ ജീവിച്ചിരുന്ന ലക്ഷ്മിയമ്മ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

കുസൃതിയുടെ വികൃതി
ഒരിക്കൽ നേരമ്പോക്കിനാവാം ഒരു ആൺകുട്ടി അന്നക്കുട്ടിയെ തള്ളിയിട്ടു. വീണുകിടക്കുന്ന അന്നക്കുട്ടിയെ കണ്ട ലക്ഷ്മി അതിവേഗം ചെന്നു തന്റെ ചങ്ങാതിയെ പിടിച്ചെഴുന്നേല്പ്പിച്ച്, ദേഹമാകെ പറ്റിപ്പിടിച്ചിരുന്ന ചെളിയും മറ്റ് അഴുക്കുകളും കഴുകിക്കളയാൻ സഹായിച്ചു. ആൺകുട്ടി ചെയ്തത് തികച്ചും അരുതാത്തതും കുറ്റകരവുമാണ്. നിങ്ങളാരും അവനെ ഒരുക്കലും അനുകരിക്കില്ലല്ലോ. ലക്ഷ്മിചെയ്തത് ഏറ്റവും നല്ല ഒരു പ്രവൃത്തിയാണ്; ഏവർക്കും അനുകരണീയവും. ആൺകുട്ടി ചെയ്തത് അപലപനീയമാണെന്നും താൻ ടീച്ചറിനോടു വിവരം പറയുമെന്നും ധാർമ്മികരോഷംകൊണ്ട ലക്ഷ്മി തറപ്പിച്ചു പറഞ്ഞു. അപ്പോൾ അന്നക്കുട്ടി പറഞ്ഞത് ഇങ്ങനെ:”’വേണ്ട പറയണ്ട. എനിക്ക് അപകടമൊന്നും ഉണ്ടായിട്ടില്ലല്ലോ”. ശത്രുക്കളെ സ്‌നേഹിക്കണമെന്നും അവരോടു ക്ഷമിക്കണമെന്നും ഈശോ പഠിപ്പിച്ചത് അവൾ പ്രായോഗികമാക്കുകയായിരുന്നു.

”അവനെ അങ്ങനെ വെറുതെ വിടരുത്. നാം പരാതിപ്പെടണം” എന്നു ലക്ഷ്മി ശഠിച്ചപ്പോൾ, അന്നക്കുട്ടി ഇങ്ങനെ ഉപദേശിച്ചു. ”വേണ്ട, ലക്ഷ്മിക്കുട്ടീ. അധ്യാപകനോടു പറയരുത്. പറഞ്ഞാൽ സാർ അവനെ അടിക്കും. ”അവൻ അങ്ങനെ ശിക്ഷിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല”. എങ്കിൽ, ”നിന്റെ ഇഷ്ടം. ഞാൻ പറയുന്നില്ല”. ”ലോകത്തിലെ ഏറ്റവുമധികം ക്ഷമിക്കുന്ന ആളാകാൻ നിനക്കു കഴിയട്ടെ!” അവസാനം അങ്ങനെയായി ലക്ഷ്മിയുടെ പ്രതികരണം.

വി. കൊച്ചു ത്രേസ്യാ മാതൃക
അന്നക്കുട്ടിയുടെ വല്യമ്മ വിശുദ്ധരുടെ ജീവചരിത്രം അവൾക്കു പറഞ്ഞുകൊടുത്തിരുന്നു. വി. കൊച്ചുത്രേസ്യായുടെ ജീവചരിത്രമാണു വല്യമ്മ ആദ്യം പറഞ്ഞുകൊടുത്തത് എന്നു കരുതാൻ ന്യായമുണ്ട്. പില്ക്കാലത്തു തന്റെ മാതൃകയായി അൽഫോൻസാ സ്വീകരിച്ചത് അനിതരസാധാരണക്കാരിയായ കൊച്ചുത്രേസ്യായെയാണല്ലോ. അവൾ വളരെ ചെറുപ്പത്തിലേ രോഗിയായി. വസ്ത്രധാരണത്തിനുപോലും പരസഹായം ആവശ്യമായി വന്നു. അക്കാലത്ത് ഒരു സിസ്റ്റർ കൊച്ചുത്രേസ്യായെ വസ്ത്രം അണിയിച്ചപ്പോൾ അവർ കുത്തിക്കൊടുത്ത മുട്ടുസൂചി വസ്ത്രവും കഴിഞ്ഞു കൊച്ചുത്രേസ്യായുടെ ദേഹത്തു തുളച്ചുകയറിയിരുന്നു. അവൾ തന്റെ കഠിനവേദനയെക്കുറിച്ച് അക്ഷരം ഉരിയാടിയില്ല. അടുത്ത ദിവസം അവളുടെ വേഷം മാറ്റിക്കൊടുക്കാൻ ചെന്ന സിസ്റ്റർ വസ്തുത മനസ്സിലാക്കി. അവർ ഞെട്ടിപ്പോയി. അവർ കൊച്ചുത്രേസ്യായോടു ചോദിച്ചു: ”എന്തുകൊണ്ട് ഇക്കാര്യം ആ സിസ്റ്ററിനെ നീ അറിയിച്ചില്ല?” ആ സിസ്റ്ററിനെ വേദനിപ്പിക്കുന്നതിലുള്ള വിഷമംകൊണ്ടാണു നിശ്ശബ്ദത പാലിച്ചതെന്നു വിശുദ്ധ അറിയിച്ചു. ഇത്രയും പറഞ്ഞതിനുശേഷം വല്യമ്മ അന്നക്കുട്ടിയോടു പറഞ്ഞു: ”എന്റെ കുഞ്ഞുമോളും ഒരു വിശുദ്ധയാകണം. എല്ലാറ്റിനും ഉപരിയായി ഈശോയെ സ്‌നേഹിക്കണം”. ”വല്യമ്മച്ചീ, ഞാൻ ഈശോയെ വളരെയധികം സ്‌നേഹിക്കുന്നു” എന്ന് അന്നക്കുട്ടി പറഞ്ഞപ്പോൾ, വല്യമ്മച്ചി, ”മിടുക്കി” എന്നുപറഞ്ഞ് അവളെ അനുമോദിച്ചു.

ആദ്യകുർബാന സ്വീകരണം
അന്നക്കുട്ടിക്ക് ആദ്യകുർബ്ബാന സ്വീകരണത്തിനുള്ള സമയമായി. അവൾ പ്രാർത്ഥനകളും മറ്റ് അവശ്യകാര്യങ്ങളും പഠിച്ചതിനുശേഷം വികാരിയച്ചനെ കണ്ടു. അദ്ദേഹം അവളെ സന്തോഷം സ്വാഗതം ചെയ്തു. അദ്ദേഹം അവളോടു ചോദിച്ചു. നിന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുക്കമായി നീ പരിത്യാഗപ്രവൃത്തികളൊക്കെ ചെയ്യാറുണ്ടോ? തീർച്ചയായും അവൾ ധാരാളം പ്രാർത്ഥിക്കുകയും പരിത്യാഗപ്രവൃത്തികൾ ചെയ്യുകയും ചെയ്തുകാണും.
ഈശോയേ, എന്നെയും വിശുദ്ധയാക്കണമേ!

ആദ്യകുർബാന സ്വീകരണത്തിന്റെ തലേദിവസം, അവൾ ഈശോയോട് ഇങ്ങനെ പറഞ്ഞു: ”എന്റെ പ്രിയപ്പെട്ട ഈശോയേ, നാളെ അങ്ങയെ എന്റെ ഹൃദയത്തിൽ കൗദാശികമായി സ്വീകരിക്കാൻ ഞാൻ അത്യാകാക്ഷയോടെ കാത്തിരിക്കുകയാണ്. എന്റെ നല്ല ഈശോയേ, എന്നെയും ഒരു വിശുദ്ധയാക്കണമേ!”

ഈശോയേ, ഞാൻ അങ്ങയുടേതു മാത്രമാണ്
ദിവ്യ ഈശോയെ ഹൃദയത്തിൽ സ്വീകരിച്ചിതിനുശേഷം അന്നക്കുട്ടി അവിടുത്തോട് ഇങ്ങനെ പറഞ്ഞു. ”ഈശോയേ, ഞാൻ അങ്ങയുടേതു മാത്രമാണ്.” മാതാവിനു പ്രത്യേകം സമർപ്പിക്കപ്പെട്ടിരുന്ന മാസത്തിന്റെ അവസാന ദിവസമാണ് അവൾ ഈശോയെ ആദ്യമായി ഹൃദയത്തിൽ സ്വീകരിച്ചത്.

മാതാവിന്റെ പ്രത്യേക ഭക്ത
മാതാവിന്റെ പ്രത്യേക ഭക്തയായിരുന്നു അന്നക്കുട്ടി. നല്ല പുഷ്പങ്ങൾ ശേഖരിച്ച് അവ അമ്മയ്ക്ക് അവൾ സമ്മാനിച്ചിരുന്നു. ഒരിക്കൽ പൂക്കൾ സമർപ്പിച്ചുകൊണ്ട് അവൾ പരിശുദ്ധ അമ്മയോട് ഇങ്ങനെയാണ് സംസാരിച്ചത്. ”എന്റെ അതിസുന്ദരിയായ അമ്മേ, അതിസുന്ദരമായ ഈ നറുസൂനങ്ങൾ അമ്മയ്ക്കായി മാത്രമാണ്. അമ്മേ, ഇപ്പോൾ എനിക്ക് ഒരു ഉമ്മ തരണമേ!” സന്ധ്യാ പ്രാർത്ഥനയ്ക്കും മറ്റും വലിയ നിഷ്ഠയോടെയാണ് അവൾ സംബന്ധിച്ചിരുന്നത്. പ്രാർത്ഥനാനന്തരം വല്യമ്മയ്ക്കും അപ്പനും അവൾ ഭക്തിപൂർവ്വം സ്തുതിചൊല്ലിയിരുന്നു.
അന്നക്കുട്ടി ഹൈസ്‌കൂൾ പഠനത്തിനു സമയമായി മുട്ടുചിറ ഹൈസ്‌കൂളിൽ പോകാൻ ഇഷ്ടമായിരുന്നെങ്കിലും വല്യമ്മയെയും വല്യപ്പനെയും വിട്ടുപോകാൻ അവൾക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. അവളുടെ മനസ്സു മനസ്സിലാക്കിയ വല്യമ്മ അവൾക്ക് ഉറപ്പുകൊടുക്കുന്നു. ”പരിശുദ്ധ അമ്മയാണു, മകളേ, നിന്റെ അമ്മ. അമ്മയോടു പ്രാർത്ഥിക്കുക, അമ്മ എപ്പോഴും നിന്നെ സംരക്ഷിച്ചുകൊള്ളും.” വല്യമ്മച്ചീ, അമ്മ മാതാവിനോട് ഞാൻ എന്നും പ്രാർത്ഥിച്ചുകൊള്ളാം. അവൾ ഉറപ്പു നല്കുന്നു.

നമുക്ക് ഒരു പപ്പായ പറിക്കാം
പേരമ്മയുടെ ഭവനത്തിൽ
ഉപദേശം: സ്‌കൂളിലേക്കു പോകുമ്പോഴും മടങ്ങിവരുമ്പോഴും അലഞ്ഞുതിരിഞ്ഞു നടക്കരുത്. ആരോടെങ്കിലും സംസാരിക്കാൻ വഴിയിൽ തങ്ങരുത്. ശരി, പേരമ്മേ, അന്നക്കുട്ടി സമ്മതിക്കുന്നു. പേരമ്മയ്ക്കു മൂന്നു മക്കളായിരുന്നു. അവർ നാലുപേരും വലിയ സ്‌നേഹത്തിലും ഐക്യത്തിലും ജീവിച്ചുപോന്നു. ഒരു ദിവസം അവർ പറഞ്ഞു: ”നമുക്ക് വിളഞ്ഞു പാകമായ ഒരു പപ്പായ പറിക്കാം.” ”പാടില്ല, പേരമ്മ നമ്മെ വഴക്കു പറയും. അതിനും പുറമെ, നമുക്കു വയറുവേദന ഉണ്ടാകും”, അന്നക്കുട്ടി അവരോടു വ്യക്തമായി പറഞ്ഞു. പക്ഷെ അവർ അനുസരിച്ചില്ല. ഉച്ചകഴിഞ്ഞു മക്കൾ പേരമ്മ ചെയ്ത തെറ്റ് മനസ്സിലാക്കി.
ആൺകുട്ടികൾ അന്നക്കുട്ടിയെ വിഷമവൃത്തത്തിലാക്കുന്നു
എല്ലാവരോടുമായി അവൾ ചോദിക്കുന്നു: ”ആരാണ് പപ്പായ പറിച്ചത്?” ആൺകുട്ടികൾ ആംഗ്യഭാഷയിൽ കുറ്റംചെയ്ത കുട്ടിയെ പറഞ്ഞുകൊടുക്കരുതെന്നു അന്നക്കുട്ടിക്കു നിർദ്ദേശം നൽകിയിട്ട് ഓടി രക്ഷപ്പെട്ടു. കുറ്റവാളിയെ വെളിപ്പെടുത്താതിരുന്നതിനാൽ പേരമ്മ അവളെ ആ ദിവസം വളരെയേറെ വഴക്കുപറഞ്ഞു. ആ കുട്ടികൾക്കുവേണ്ടി എല്ലാം അവൾ ക്ഷമയോടെ സഹിച്ചു.

വളരെ ബുദ്ധിമതിയും നല്ലവളും
വളരെ ബുദ്ധിമതിയും അതിലേറെ നല്ലവളുമായിരുന്നു അന്നക്കുട്ടി. സഹപാഠികളെ പഠനകാര്യങ്ങളിൽ സഹായിച്ചിരുന്നു. ഒരു കുട്ടി അന്നക്കുട്ടിയോടു പറഞ്ഞു: ”ഈശോ നിന്നെക്കുറിച്ചു മാത്രമാണു ശ്രദ്ധാലുവെന്നു തോന്നുന്നു.” അവൾ മറുപടി നല്കി: ”അല്ല, ഈശോ എല്ലാവരേയും സ്‌നേഹിക്കുന്നു”.

ഒരിക്കൽ ഒരു സഹപാഠി അന്നക്കുട്ടിയോടു പറഞ്ഞു: ”നിന്റെ കയ്യക്ഷരം അതിസുന്ദരമാണ്. അരാണ് നിന്നെ പഠിപ്പിച്ചത്?” അവൾക്ക് ഒരു മറുപടിയേ ഉള്ളൂ: ”ഈശോ”. മറ്റൊരു കുട്ടി, തനിക്കു മനസ്സിലാവാത്ത ഒരു പ്രശ്‌നവുമായി അവളെ സമീപിച്ചു. സസന്തോഷം അവൾ കുട്ടുകാരിയെ ആത്മാർത്ഥമായി സഹായിച്ചു. മറ്റൊരു കൂട്ടുകാരിയുടെ പ്രശ്‌നം ഓർത്തിരിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു. നന്നായി പ്രാർത്ഥിച്ചിട്ടു പുസ്തകം പഠിക്കാൻ തുറന്നു. അന്നക്കുട്ടി അവളെ ഉപദേശിക്കുന്നു. അപ്പോൾ മറ്റൊരാൾ: ”അന്നക്കുട്ടീ, ഞങ്ങൾക്കെല്ലാവർക്കുംവേണ്ടി നീ പ്രാർത്ഥിക്കുക. ദൈവം നിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കും”.

കൗദാശിക ജീവിതത്തിലും പ്രാർത്ഥനയിലും തികഞ്ഞ ശുഷ്‌കാന്തി
അപ്പോൾ അവൾ ഒരു നിർദ്ദേശം വയ്ക്കുന്നു. ”നമുക്ക് പള്ളിയിൽ കയറി സക്രാരിയിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയെ സന്ദർശിച്ച്, അവിടുത്തോടു പ്രാർത്ഥിക്കാം. ഒപ്പം നമുക്കു കമ്പസാരിക്കുകയും ചെയ്യാം. സുഹൃത്തുക്കളെ പള്ളിയിൽ കൂട്ടിക്കൊണ്ടു പോകുന്നതിലും അവരെ കുമ്പസാരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലും അവൾ സവിശേഷശ്രദ്ധ ചെലുത്തിയിരുന്നു.

പേരമ്മയെ പിണക്കാൻ മാത്രം ആഭരണങ്ങൾ
അന്നക്കുട്ടിയെ അണിയിച്ചൊരുക്കുന്നതും ആഭരണങ്ങൾ ധരിപ്പിക്കുന്നതും പേരമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. പേരമ്മയെ പിണക്കാതിരിക്കാൻവേണ്ടി മാത്രമാണ് അവൾ ചില ആഭരണങ്ങൾ അണിഞ്ഞിരുന്നത്. തന്റെ സൗന്ദര്യം മറ്റുള്ളവർ അഭിനന്ദിക്കുന്നത് അറിയുമ്പോൾ വാസ്തവത്തിൽ അവൾ വേദനിക്കുകയാണു ചെയ്തിരുന്നത്. ”ഈശോയേ, എനിക്ക് അങ്ങയെ മാത്രംമതി. മറ്റൊന്നും വേണ്ടാ”, ”എന്റെ ഈശോയേ, എന്നെ പ്രലോഭനങ്ങളിൽനിന്നു രക്ഷിക്കണമേ!” ഇങ്ങനെ അവൾ കൂടെക്കൂടെ പ്രാർത്ഥിച്ചിരുന്നു.

വി. കൊച്ചുത്രേസ്യാ കാണപ്പെടുന്നു
ഒരിക്കൽ വി. കൊച്ചുത്രേസ്യാ അന്നക്കുട്ടിക്ക് കാണപ്പെട്ട് അവളോടു പറഞ്ഞു: ”അന്നക്കുട്ടീ, നീയൊരു കന്യാസ്ത്രീ ആകണം”. അതൊരു സ്വപ്നമായിരുന്നോ എന്ന് അവൾ സംശയിച്ചു. അവൾ കൂടെക്കൂടെ പറഞ്ഞിരുന്നു: ”ഈശോയേ, എനിക്കു എന്നും നിന്റെ മണവാട്ടിയായിരിക്കണം”, രാത്രിയിൽ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൽ അവൾ മുറ്റത്തെ മണലിൽ മുട്ടുകുത്തി ദീർഘനേരം ഈശോയുമായി സംഭാഷണത്തിലേർപ്പെടുമായിരുന്നു. തന്നെ സന്യാസിനിയാകാൻ അനുവദിക്കാനുള്ള കൃപ കുടുംബാംഗങ്ങൾക്കു നല്കണമേ എന്ന് അവൾ പ്രാർത്ഥിച്ചിരുന്നു.

കല്യാണാലോചനകൾ ധൃതഗതിയിൽ
പേരമ്മ കല്യാണാലോചനകളിൽ മുഴുകിയിരുന്നു. പേരപ്പൻ കുറച്ചു സഹിഷ്ണുത കാണിച്ചിരുന്നു. വിവാഹത്തിനു നിർബന്ധിക്കരുതെന്നു ജീവിതപങ്കാളിയെ അദ്ദേഹം ഉപദേശിക്കുമായിരുന്നു. എന്നാൽ പേരമ്മ വിവാഹത്തിനുവേണ്ടി ശാഠ്യംപിടിച്ചിരുന്നു. ഒരു കല്യാണം ക്രമീകരിച്ചവിവരം അന്നക്കുട്ടിയോടു പറയുകയും ചെയ്തു. പറഞ്ഞതിന്റെ പിറ്റെ ദിവസംതന്നെ ചെറുക്കൻ വന്നു പെൺകുട്ടിയെ കാണാൻ നിർദ്ദേശിച്ചതുമാണ്. കുടുംബമഹിമയും ചെറുക്കന്റെ സ്വഭാവവൈശിഷ്ട്യവുമൊക്കെ അവൾ മകൾക്ക് വിവരിച്ചുകൊടുത്തു. ”എനിക്കു വിവാഹം വേണ്ട പേരമ്മേ. എനിക്കു മഠത്തിൽ പോകണം” സ്വന്തം തീരുമാനത്തിൽ നിന്നു പിന്മാറാൻ അന്നക്കുട്ടി തയ്യാറായില്ല. ”നീ സമ്മതിച്ചേ പറ്റൂ. ഞാൻ അവർക്കു വാക്കുകൊടുത്തിട്ടുള്ളതാണ്”. അവളെ നിർബന്ധിക്കരുത്. വീണ്ടും പേരപ്പൻ അവളോടു സഹതപിക്കുന്നു. പക്ഷെ, പേരമ്മ പിടിച്ച മുയലിനു മൂന്നു കൊമ്പാണ്. സമ്മതം നല്കിയില്ലെങ്കിൽ ജീവനൊടുക്കും എന്നായി അവർ. ഇല്ല പേരമ്മേ എന്നെ നിർബന്ധിക്കരുത്.

അന്നക്കുട്ടിയുടെ ശക്തമായ അഭ്യർത്ഥന
ഈശോയേ, അവരുടെ മനസ്സു മാറ്റണമേ! അവൾ മുട്ടിന്മേൽനിന്ന് അതിതീക്ഷ്ണമായി പ്രാർത്ഥിക്കുന്നു. ഈശോയേ, അവരുടെ മനസ്സു മാറ്റണമേ! വിവാഹം ചെയ്യുക എന്നതിനെക്കാൾ എനിക്കു നല്ലതു മരണം. കർത്താവേ, എനിക്കു ശക്തി തരണമേ! ഈശോയേ, ഞാനെന്താണു ചെയ്യേണ്ടത്? എന്റെ സമാശ്വാസമായ നല്ല അമ്മേ എന്നെ സഹായിക്കണണേ! കുരിശുരൂപത്തിന്റെ മുമ്പിൽ മുട്ടുകുത്തി അവൾ ഒരു തീരുമാനമെടുക്കുന്നു. വീടിനു പുറകിൽ പതിരു കത്തിക്കാളുന്ന തീയിൽ ചവിട്ടുക. അവൾ അതു ചെയ്തു. പൊള്ളൽ ശക്തമായപ്പോൾ, തീയിലേക്ക് അവൾ മുട്ടുകുത്തിപ്പോകുന്നു. മകളുടെ നിസ്സഹായാവസ്ഥ കണ്ട് പേരമ്മ അന്ധാളിക്കുന്നു. എന്റെ മകളേ, അന്നക്കുട്ടീ എന്തുപറ്റി എന്നു ചോദിച്ചുകൊണ്ട് മകളെ തീയിൽനിന്നു കോരിയെടുത്ത് ആവശ്യമായ ശുശ്രൂഷകളും ചികിതസ്യും നല്കുന്നു. രോഗശയ്യക്കടുത്തെത്തിയ തന്റെ പിതാവിനോട് അവൾ പറയുന്നു: അപ്പാ എനിക്ക് കല്യാണം വേണ്ടാ. എന്നെ നിർബന്ധിക്കരുതേ, അപ്പാ. നിന്നെ ഞാൻ നിർബന്ധിക്കില്ലാ മകളേ. അദ്ദേഹം ഉറപ്പു നല്കുന്നു.

അമ്മേ, ഞാനെന്റെ മകളെ അമ്മയെ ഏല്പിക്കുകയാണ്
ഇടവക വികാരി ഇടപെട്ട് ഭരണങ്ങാനത്തെ ക്ലാരിസ്റ്റു സഹോദരിമാരെ അന്നക്കുട്ടിയുടെ മുരിക്കൻവീട് സന്ദർശിക്കാൻ നിർദ്ദേശിക്കുന്നു. അവർ ഭവനം സന്ദർശിച്ച് അന്നക്കുട്ടി അടുത്ത ശനിയാഴ്ച ഭരണങ്ങാനം മഠത്തിലെത്താൻ നിർദ്ദേശിക്കുന്നു. മകളുമായി ഭരണങ്ങാനെത്തിയ അന്നക്കുട്ടിയുടെ പിതാവ് മദർ ഊർസലായോടു പറയുന്നു: അമ്മേ, ഞാൻ എന്റെ മകളെ അമ്മയെ ഏല്പിക്കുകയാണ്. അവൾ ഞങ്ങളിലൊരുവളാണ്. മകളെക്കുറിച്ച് യാതൊരു ആകുലതയും വേണ്ടാ. അവളെ ഞങ്ങൾ സംരക്ഷിച്ചുകൊള്ളാം. മഠാധിപ അപ്പന് ഉറപ്പു നല്കുന്നു. അപ്പൻ നന്ദിപറഞ്ഞ് മകളെ അനുഗ്രഹിച്ച് യാത്രയാവുന്നു.

അന്നക്കുട്ടി ഭരണങ്ങാനം ക്ലാരമഠത്തിൽ
ഈശോയെ, അങ്ങേക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഈശോയുടെ സ്വന്തമാകാനുള്ള അന്നക്കുട്ടിയുടെ ചരിഭാലാഷം നിറവേറിയപ്പോൾ, സ്വാഭാവികമായും അവൾ നല്ല കർത്താവിനു ഹൃദയപൂർവ്വം നന്ദിപറയുകയാണ്. പൗലോസ് ശ്ലീഹായുടെ പ്രബോധനം എല്ലാവരും അറിയണം. എപ്പോഴും സന്തോഷത്തോടെ ഇരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് ഈശോമിശിഹായിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം (1 തെസ. 5:16-18). ഇതാണ് അന്നക്കുട്ടിയുടെ പ്രാർത്ഥന. ഈശോയെ, എപ്പോഴും അങ്ങുമായി ഐക്യപ്പെട്ടിരിക്കാൻ എന്നെ സഹായിക്കണമേ!

ഈശോയേ, എന്നെ വിശുദ്ധികൊണ്ടു പൊതിയണമേ!
സഭാവസ്ത്ര സ്വീകരണത്തിന്റെ തലേദിവസം ആയതിലേക്ക് ഒരു അപേക്ഷ എഴുതാൻ മഠാധിപ അന്നക്കുട്ടിയെ നിർദ്ദേശിക്കുന്നു. അതു വളരെ ഭംഗിയായി എഴുതിയെങ്കിലും കുറച്ച് മഷി അതിൽ കയ്യബദ്ധമൂലം വീണതിൽ അവൾ വളരെയധികം ദുഃഖിച്ചു. വീണ്ടും എഴുതാൻ മഠാധിപ നിർദ്ദേശിച്ചു. അങ്ങനെ ചെയ്യുന്നതിൽ വിഷമമില്ലെന്നും അതു ദൈവഹിതമാണെന്നും വീണ്ടും എഴുതേണ്ടി വന്നതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അവൾ പറയുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഇങ്ങനെ ആയിരിക്കേണ്ടതല്ലേ നമ്മുടെയും മനോഭാവം? പ്രാർത്ഥിച്ച് ഒരുങ്ങുക എന്ന നിർദ്ദേശം നല്കി മഠാധിപ വിരമിക്കുന്നു.

‘വിശുദ്ധികൊണ്ട് എന്നെ പൊതിയണമേ’ എന്ന് അന്നക്കുട്ടി പരിശുദ്ധ അമ്മയോടു പ്രാർത്ഥിക്കുന്നു. വി. അൽഫോൻസ് ലിഗോരിയുടെ തിരുനാൾദിനം അവൾ സഭാവസ്ത്രം സ്വീകരിക്കുകയും അൽഫോൻസാ എന്ന പേരു സ്വീകരിക്കുകയും ചേയ്തു.

നാളെ മുതൽ വാകക്കാടു പ്രൈമറി സ്‌കൂളിൽ അധ്യാപിക
പഠനം പൂർത്തിയാക്കിയ സി. അൽഫോൻസായോട് മഠാധിപ പറയുന്നു. ഇപ്പോൾ അൽഫോൻസാ പഠനം പൂർത്തിയാക്കിയിരിക്കുന്നു. അതുകൊണ്ടു നാളെമുതൽ വാകക്കാട്ടു പ്രൈമറി സ്‌കൂളിൽ സഹോദരിക്കു പഠിപ്പിക്കാം. കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നത് അൽഫോൻസായ്ക്ക് ഏറെ ഇഷ്ടമായിരുന്നു. അവരെപ്പോലെയുള്ളവരുടേതല്ലേ സ്വർഗ്ഗരാജ്യം? ദൈവത്തിന്റെ മക്കളായി ജീവിക്കാൻ പ്രത്യേകം ശ്രദ്ധിച്ച സി. അൽഫോൻസാ പലപ്പോഴും ശിഷ്യരെ ഉപദേശിച്ചിരുന്നു. കുട്ടികൾക്കുതന്നെ പുതിയ അധ്യാപികയെ നന്നേ ഇഷ്ടപ്പെട്ടു. അവർ അത് ഏറ്റുപറയുകയും ചെയ്തിരുന്നു. അവരെയെല്ലാവരെയും തനിക്ക് ഒത്തിരി ഇഷ്ടമാണെന്നു സി. അൽഫോൻസായും പലപ്പോഴും ഏറ്റുപറഞ്ഞിരുന്നു.

സഹനത്തിന്റെ ആരംഭം
ഒരു ദിവസം സി. അൽഫോൻസായ്ക്ക് തലകറങ്ങുന്നതായി തോന്നി. അവൾ ഈശോയെയും മാതാവിനെയും വിളിച്ചു പ്രാർത്ഥിച്ചു. അതാ, അവളുടെ തലയിൽനിന്നു രക്തം ഒഴുകിവരുന്നു! അവൾക്ക് ഒന്നും മനസ്സിലാവുന്നില്ല. ഇതറിഞ്ഞ മഠാധിപ എന്തു സംഭവിച്ചു എന്ന് അൽഫോൻസായോട് ആരായുന്നു. തനിക്ക് അറിഞ്ഞുകൂടെന്നു പറയാൻ മാത്രമേ അവൾക്കു കഴിയുന്നുള്ളു. തന്റെ മൂക്കിലൂടെയും വായിലൂടെയും രക്തം വരുന്നുണ്ടെന്നു സി. അൽഫോൻസാ മദറിനെ അറിയിച്ചു. ഇത് ആ നിരന്തര സഹനബലിയുടെ പ്രാരംഭമായിരുന്നു.

നൊവിഷ്യേറ്റു ചങ്ങനാശ്ശേരി ക്ലാരമഠത്തിൽ
അധികാരികൾക്ക് അൽഫോൻസായുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയാവുകയും ആ വർഷം നൊവിഷ്യേറ്റിൽ പ്രവേശിപ്പിക്കേണ്ടതില്ല എന്ന നിഗമനത്തിൽ അവർ എത്തുകയും ചെയ്യുന്നു. രോഗശയ്യയിൽ, കണ്ണീരോടെ, തന്റെ നിസ്സഹായാവസ്ഥയെക്കുറിച്ച് അവൾ തന്റെ ആത്മമണവാളനോട് അങ്ങും എന്നെ കൈവെടിഞ്ഞോ? എന്ന് ആരായുന്ന അവസ്ഥയിൽ അവൾ എത്തുന്നു. പെട്ടെന്നു മാപ്പുചോദിച്ചുകൊണ്ട് അവൾ ഏറ്റുപറയുന്നു. ഇല്ല അങ്ങെന്നെ ഒരിക്കലും കൈവെടിയുകയില്ല. എപ്പോഴും എനിക്ക് ഏറ്റം നല്ലതുമാത്രം അങ്ങു ചെയ്യുന്നു. പിറ്റെ വർഷം നൊവിഷ്യേറ്റിൽ പ്രവേശിക്കാൻ അൽഫോൻസായ്ക്ക് അനുവാദം ലഭിക്കുന്നു.
ചങ്ങനാശ്ശേരി മഠത്തിലാണു നൊവിഷ്യേറ്റ് ആരംഭിക്കേണ്ടിയിരുന്നത്. വിശുദ്ധയുടെ ജീവിതത്തിലെ അതിപ്രധാനമായ ഒരു ഘട്ടമായിരുന്നു അത്. മഠാധിപ അവളോടു ഉപദേശിക്കുന്നു. ആവുന്നത്ര സമയം പ്രാർത്ഥനയിൽ ചെലവഴിക്കണം. ളൂയിസച്ചനായിരിക്കും ആധ്യാത്മിക പിതാവ്. ഗുരുത്തി അമ്മയോട് അവൾ പറയുന്നു: അമ്മേ, ഞാൻ തെറ്റു ചെയ്യുകയാണെങ്കിൽ എന്നെ തിരുത്തണമേ! അവൾ ഈശോയോടു കേണപേക്ഷിക്കുന്നു. ഈശോയേ, സ്‌നേഹിക്കുക എന്റെ ജീവിതലക്ഷ്യം. അങ്ങയുടെ പരമപരിശുദ്ധമായ സ്‌നേഹംകൊണ്ട് എന്നെ പൊതിയണമേ!

ഈശോയുമായുള്ള സംഭാഷണം ഏറെ ആശ്വാസജനകം
ഈശോയുമായുള്ള സ്‌നേഹസംഭാഷണം സി. അൽഫോൻസായ്ക്ക് സഹനശയ്യയിൽ വലിയ ആശ്വാസമായിരുന്നു. അവൾ വ്യക്തമാക്കുന്നു. ഈശോയേ അങ്ങയെ സ്‌നേഹിക്കാതെ എനിക്ക് ജീവിക്കാനാവില്ല. ഈശോ അവൾക്ക് ഇങ്ങനെ മറുപടി നൽകുന്നു. എന്റെ കുഞ്ഞേ, ഞാൻ സ്‌നേഹമാണ്.

സഹനശയ്യയിൽ ഊർസുലാമ്മയും ളുയീസച്ചനും ഏറെ സഹായകം
സഹനശയ്യയിൽ അൽഫോൻസാമ്മയ്ക്ക് ഏറ്റം സഹായകമായിരുന്നവരാണ് ഊർസുലാമ്മയും ളൂയീസച്ചനും. സഹനമാകുന്ന ഏണിപ്പടിയിലൂടെ വിശുദ്ധിയുടെ പടവുകൾ കയറുക എന്ന അതിസാഹസിക യജ്ഞത്തിൽ സി. അൽഫോൻസായ്ക്കുണ്ടായിരുന്ന അതിശക്തവും സുനിശ്ചിതവുമായ രണ്ട് ഊന്നുവടികളായിരുന്നു ളൂയീസച്ചനും ഊർസുലാമ്മയും. അച്ചൻ വ്യക്തമായി അവർക്കു പറഞ്ഞുകൊടുത്തു. ഈശോയെ പ്രീതിപ്പെടുത്തുകയായിരിക്കണം നമ്മുടെ ലക്ഷ്യം. ഫലംപുറപ്പെടുവിക്കുന്ന ഒരു വൃക്ഷമാകാൻ തീവ്രമായി ആഗ്രഹിക്കുക. പലപ്പോഴും അതു ശരിയായി വെട്ടിയൊരുക്കലിനു വിധേയമാവണം. അച്ചാ, അതിനു വിധേയയാകാനുള്ള കൃപയ്ക്കായി അച്ചൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണം. അൽഫോൻസായുടെ അഭ്യർത്ഥന അച്ചൻ ഹാർദ്ദമായി സ്വീകരിക്കുന്നു. അച്ചന്റെ സ്‌നേഹനിർഭരമായ പിന്തുണയ്ക്കു നന്ദി. അതാണ് അവളുടെ മറുപടിയും പ്രതികരണവും.

കടുത്ത അനാരോഗ്യം കൂടെപ്പിറപ്പ്
നൊവിഷ്യേറ്റിലും രോഗം അൽഫോൻസായെ അലട്ടിക്കൊണ്ടിരുന്നു. അധികാരികൾ അവളെ ഭരണങ്ങാനത്തേയ്ക്കു തിരിച്ചയച്ചാലോ എന്നുപോലം ചിന്തിച്ചു തുടങ്ങുന്നു. ഒരാൾ അഭിപ്രായപ്പെടുന്നു. പിതാവു ജയിംസ് കാളാശ്ശേരി മെത്രാനച്ചൻ വരുമ്പോൾ നാം എന്തു ചെയ്യണമെന്ന് അദ്ദേഹം പയും. പിതാവു വന്ന് ഇപ്പോൾ നിനക്ക് എങ്ങനെയുണ്ട് എന്ന് അന്വേഷിക്കുന്നു. ഞാൻ എന്നെത്തന്നെ ഈശോയ്ക്ക് അടിയറവു വച്ചിരിക്കുകയാണ് പിതാവേ!. അൽഫോൻസായുടെ ഈ മറുപടി കേട്ടപ്പൾ സന്തുഷ്ടചിത്തനായ പിതാവ് അതാണു ചെയ്യേണ്ടത് എന്ന് അവൾക്ക് ഉറപ്പുനൽകുന്നു.

ഇതിനിടെ, ളൂയിസച്ചന്റെ നിർദ്ദേശപ്രകാരം സഹോദരിമാർ ചാവറ പിതാവിന്റെ നൊവേന  അൽഫോൻസായ്ക്കുവേണ്ടി ചൊല്ലിക്കൊണ്ടിരുന്നു. മെത്രാനച്ചന്റെ നിർദ്ദേശംമൂലം അൽഫോൻസാ നൊവിഷ്യേറ്റ് അഭംഗുരം തുടർന്നുപോന്നു. നൊവേനയുടെ ഒമ്പതാം രാത്രി ചാവറപ്പിതാവ് അൽഫോൻസായുടെ മുറിയിൽ പ്രത്യക്ഷപ്പെട്ട് ഈ രോഗംമൂലം നീ മരിക്കുകയില്ല. പക്ഷെ, തുടർന്നും ധാരാളം സഹനമുണ്ടാകും എന്നുപറഞ്ഞിട്ട് അപ്രത്യക്ഷനായി. ആ രാത്രി അവൾക്ക് ആ രോഗത്തിൽനിന്നു പരിപൂർണ്ണ സൗഖ്യം കിട്ടി.

വാഴപ്പള്ളി മഠത്തിൽ പഠനം
നൊവിഷ്യേറ്റിനൊപ്പം അവൾ വാഴപ്പള്ളി മഠംവക സ്‌കൂളിൽ പഠിക്കുകയും ചെയ്തിരുന്നു. നിത്യപറഞ്ഞൊപ്പിനുശേഷം സി. അൽഫോൻസാ ഭരണങ്ങാനത്തേക്കു മടങ്ങിപ്പോയി. അവിടെവെച്ച് ഒരു രാത്രിയിൽ സിസ്റ്ററിന്റെ മുറിയിൽ ഒരു കള്ളൻ കയറി. ‘കള്ളൻ കള്ളൻ’ എന്നും ഈശോയെപ്രതി എന്ന ഉപദ്രവിക്കരുതേ എന്നും പറഞ്ഞുകൊണ്ട് അവൾ ബോധംകെട്ടു വീഴുന്നു. കള്ളൻ  അതിവേഗം അപ്രത്യക്ഷനായി. അവൾക്കു കിട്ടിയ ഞെട്ടൽ (വെീരസ) അത്രവലുതായിരുന്നതുകൊണ്ട് അൽഫോൻസായുടെ മനസ്സിന്റെ സമനില തെറ്റിപ്പോയി.
എല്ലാവരുടെയും പ്രാർത്ഥനയും ഉപവാസവും പരിത്യാഗങ്ങളുംവഴി കുറെ മാസങ്ങൾക്കുശേഷം സുഖംപ്രാപിച്ചു. സുപ്പീരിയർ അവളെ അനുസ്മരിപ്പിക്കുന്നു. ഈ സഹനങ്ങളൊന്നും വൃഥാവിലാവില്ല. എല്ലാം നല്ല ഫലങ്ങൾ പുറപ്പെടുവിക്കും എന്ന്. അവൾ ഇങ്ങനെ പ്രതികരിക്കുന്നു. എനിക്കത് അറിയാം മദറേ. രോഗമോ, ബന്ധപ്പെട്ടുള്ള സഹനങ്ങളോ, തിരസ്‌കരണമോ, അസൂയയോ ഒന്നും അൽഫോൻസായെ തളർത്തിയില്ല. മറിച്ച് ഇവയൊക്കെ അവളെ കൂടുതൽ ആധ്യാത്മികമായി വളർത്തി. ഈശോമിശിഹായിൽ നിന്നുള്ള സ്‌നേഹസമ്മാനങ്ങളായി സഹനങ്ങളെ അവൾ സ്വീകരിച്ചു. വേദനയുടെ പാരമ്യത്തിലും അവൾ സസന്തോഷം ഏറ്റുപറഞ്ഞിരുന്നു. ഈശോയേ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു. അങ്ങയെ പരിപൂർണ്ണതയിൽ സദാസ്‌നേഹിച്ചുകൊണ്ടിരിക്കണം എന്നതാണ് എന്റെ ആഗ്രഹം. മാധുര്യമുള്ള ഈശോയേ ലൗകികസുഖങ്ങൾ വെറുക്കാൻ എന്നെ ശക്തിപ്പെടുത്തണമേ!

ആശ്വാസത്തിനുവേണ്ടി ജനപ്രവാഹം
സി. അൽഫോൻസായോടു വിഷമങ്ങൾ പങ്കുവച്ചു സമാധാനം നേടാനും കണ്ടെത്താനും ഒപ്പം അവളുടെ പ്രാർത്ഥനയ്ക്കുമായി നിരവധി ആളുകൾ ഭരണങ്ങാനത്തേയ്ക്കു പ്രവഹിച്ചിരുന്നു. ഒരു സഹോദരിയുടെ സഹനം ഇങ്ങനെ. അമ്മേ ഞാൻ നിസ്സഹായയാണ്. എല്ലാ ദിവസവും മൂക്കറ്റം കുടിച്ചു ലക്കില്ലാതെയാണ് എന്റെ ഭർത്താവ് വീട്ടിൽ വരുക. എന്നെ അടിക്കുകയും ചവിട്ടുകയും തൊഴിക്കുകയുമൊക്കെ സ്ഥിരം പരിപാടിയാണ്. ആ സമയത്തൊക്കെ നിങ്ങൾ എന്താണു ചെയ്യുക? അൽഫോൻസാമ്മയുടെ ഈ ചോദ്യത്തിനു ഞാൻ വല്ലാതെ പൊട്ടിത്തെറിക്കും എന്നായി അവളുടെ മറുപടി. ഇന്നുമുതൽ ബുദ്ധിമിട്ടിന്റെ നിമിഷങ്ങളിൽ ഗുണവും ദോഷവും പറയാതെ നിശ്ശബ്ദയായിരിക്കുക. അവനോടു ക്ഷമിച്ച്, അവനുവേണ്ടി തീഷ്ണമായി പ്രാർത്ഥിക്കുക. ഈശോ ഇടപെടും. ഇന്നുമുതൽ ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം. ഈശോ നിങ്ങളെ സഹായിക്കും.

ആ സ്ത്രീ അൽഫോൻസാമ്മ പറഞ്ഞതെല്ലാം കൃത്യമായി അനുസരിച്ചു. ദിവസങ്ങൾക്കകം അയാൾ കുടി നിർത്തുകയും വീട്ടിൽ വലിയ സമാധാനം ഉളവാകുകയും ചെയ്തു.

എല്ലാ മാസവും മകളെ സന്ദർശിക്കുന്ന അപ്പൻ
അൽഫോൻസാമ്മയുടെ പിതാവ് എല്ലാ മാസവും അവളെ സന്ദർശിക്കുകയും ബുദ്ധിമുട്ടുകളൊക്കെ പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു. അപ്പന് ആശ്വാസം പകർന്നുകൊടുക്കുന്നതു മകൾക്കു മധുരതരമായ അനുഭവമായിരുന്നു. അച്ചായൻ വിഷമിക്കരുത്. താൻ സ്‌നേഹിക്കുന്നവർക്ക്, തന്നെ സ്‌നേഹിക്കുന്നവർക്ക് ഈശോ തന്റെ സ്‌നേഹസമ്മാനമായ കുരിശുകൾ കൊടുക്കും. മകൾ പറഞ്ഞതു ശരിയാണ്. ഈശോ മകളെ അതിയായി സ്‌നേഹിക്കുന്നു, അത് അപ്പന്റെ ബോധ്യമാണ്.

സി. അൽഫോൻസായും നവാഗതരും
നവാഗതരോടു സംസാരിക്കുന്നതിനും അവർക്ക് ആവശ്യമായ പ്രാർത്ഥനയും പ്രോത്സാഹനവും നല്കുന്നതിനും കിട്ടിയ അവസരങ്ങൾ സി. അൽഫോൻസാ ഒരിക്കലും പാഴാക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തിരുന്നില്ല. അവൾ അവരോടു പറയും: നമ്മുടെ വിശിഷ്ടമായ വിളിയെക്കുറിച്ചു നമ്മൾ അവബോധമുള്ളവരായിരിക്കണം. എപ്പോഴും ദൈവഹിതം നിറവേറ്റുക ആയിരിക്കണം നമ്മുടെ ലക്ഷ്യം. നവാഗതർ ആ സഹനപുത്രിയോടു ചോദിക്കുമായിരുന്നു. സഹോദരിക്ക് എങ്ങനെ ഇത്ര ഹൃദ്യമായ പുഞ്ചിരിയോടെ സഹനങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നു? എന്ന്. അപ്പോൾ അവൾ പറഞ്ഞിരുന്നു: ഈശോയുടെ ശരീരമായിത്തീരാനുള്ള ഓസ്തി ഉണ്ടാക്കുന്നതു ഗോതമ്പു മണികൾ ഇടിച്ചുപൊടിച്ചു മാർദ്ദവമുള്ള പൊടിയാക്കിയാണ്. മുന്തിരിങ്ങാ മുന്തിരിച്ചക്കിലിട്ട് ആട്ടിയാണ് ഈശോയുടെ തിരുരക്തമാകാനുള്ള വീഞ്ഞുണ്ടാക്കുക. ഇതുപോലെ നമ്മുടെ സഹനത്തിലൂടെയും വേദനയിലൂടെയും രൂപാന്തപ്പെട്ട്, ആധ്യാത്മികതയുള്ള, പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞ വ്യക്തികളായി നാം മാറുന്നു. സഹനമില്ലാതെ വിശ്വാസം ഉണ്ടാവുകയില്ല. നമ്മുടെ ജീവിതങ്ങൾ വിശ്വാസത്തിന്റെ ജീവിതങ്ങളാണവണം.

വീണ്ടും അസുഖം
ഇപ്രാവശ്യം ക്ഷയരോഗസാധ്യതയെക്കുറിച്ചു ഭിഷഗ്വരൻ സൂചിപ്പിച്ചു. ഇതു കേട്ട അധികാരികൾ ഭയക്കുന്നു. അവളെ ഐസൊലേഷനിലാക്കണമെന്ന് ഒരു സഹോദരി അന്ധാളിച്ചുപറയുന്നു. മഠാധിപ (ഹൃദയമുള്ള സിസ്റ്റർ) അവളോടു പറയുന്നു: നിങ്ങൾ ഭയക്കുന്നതുപോലെ പ്രശ്‌നമുള്ള, പെട്ടെന്നു പകരുന്ന രോഗമൊന്നുമല്ല ഇത്. നമുക്ക് അവൾക്കുവേണ്ടി പ്രാർത്ഥിക്കാം. മഠത്തിലെ ചില സഹോദരിമാർ അവളെ അവഹേളിക്കുകയും കളിയാക്കുകയും മറ്റും ചെയ്തിരുന്നെങ്കിലും അധികാരികൾ അൽഫോൻസായുടെ വിശുദ്ധി ശരിക്കും ഗ്രഹിച്ചിരുന്നു.

ഈശോയോട് ഓരോയൊരു അഭ്യർത്ഥന
വേദനകളെല്ലാം രാത്രിയിൽ തരുക. പകൽ എന്റെ കടമകൾ നിർവ്വഹിക്കാൻ അനുവദിക്കുക. പകൽ രോഗിയായി കിടന്നുകഴിഞ്ഞാൽ മറ്റുള്ളവർ എന്നോടു സഹതപിക്കും. അപ്രകാരമുള്ള സഹതാപമൊന്നും എനിക്കു വേണ്ട. എന്റെ സഹനങ്ങൾ അങ്ങും ഞാനും മാത്രം അറിഞ്ഞാൽ മതി. അന്നു മുതൽ അവളുടെ വേദനയെല്ലാം രാത്രിയിലാണ് അനുഭവപ്പെട്ടിരുന്നത്.
കാളാശേരി പിതാവ് അൽഫോൻസായെ സന്ദർശിക്കാൻ ചങ്ങനാശ്ശേരി മഠത്തിൽ
പിതാവ് അൽഫോൻസായെ സന്ദർശിക്കാൻ മഠത്തിലെത്തുന്നു. സംസാരമധ്യേപിതാവ് ചോദിക്കുന്നു. രാത്രിയിൽ വേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെടുമ്പോൾ നീ എന്തുചെയ്യും? പിതാവേ ഞാൻ (അവിടുത്തെ) സ്‌നേഹിക്കുകയാണ്. എന്റെ മകളേ, എനിക്കു സന്തോഷമായി. എന്റെ രൂപതയുടെ സുസ്ഥിതി നിന്റെ പ്രാർത്ഥനയ്ക്കും ഞാൻ ഭരമേല്പിക്കുന്നു. രാത്രിയിൽ വേദന അനുഭവിക്കുകയും ഉറങ്ങാതെ കിടുക്കുകയും ചെയ്യുന്നതുകൊണ്ട് ഇപ്പോൾ പോയി വിശ്രമിക്കുക എന്നു പിതാവ് നിർദ്ദേശിച്ചപ്പോൾ എനിക്കു ക്ഷീണമില്ല പിതാവേ എന്ന് അവൾ പിതാവിനോട് ഏറ്റുപറയുകയുണ്ടായി.

എല്ലാം അഭിനയമെന്നു കുബുദ്ധികൾ
അൽഫോൻസായ്ക്കു സഹനമൊന്നും ഇല്ലായിരുന്നെന്നും എല്ലാം അഭിനയമായിരുന്നെന്നും വിചാരിച്ചവരുണ്ടായിരുന്നു. അവൾ ഇതു മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് എപ്പോഴും പിതാവിന്റെ സഹായം അപേക്ഷിച്ചിരുന്നു. ഈശോയോട് അവൾ ഇങ്ങനെ ഏറ്റുപറഞ്ഞിരുന്നു. എന്റെ സഹനമെല്ലാം അങ്ങയുടെ തിരുഹൃദയത്തിൽ ഞാൻ സമർപ്പിക്കുന്നു. എന്റെ കണ്ണുനീരും എനിക്ക് അങ്ങയോടുള്ള സ്‌നേഹം വിളിച്ചോതുന്നു. അതിൽ ഞാൻ ആശ്വാസം കണ്ടെത്തുന്നു. ഈ കണ്ണുനീർത്തുള്ളികൾ എന്റെ ഹൃദയത്തിൽ ആയിരമായിരം പുതുപൂക്കൾ വിരിയിക്കുന്നു. അൽഫോൻസായുടെ പ്രത്യേക പ്രാർത്ഥന എന്റെ ഈശോയേ, എന്റെ സ്‌നേഹമേ ഞാൻ അങ്ങയുടേതാണ്. അങ്ങയുടേതു മാത്രം.

കുഞ്ഞുങ്ങളുടെ അമ്മ
അൽഫോൻസായുടെ അടുത്തേക്കു കുട്ടികൾ ഓടിക്കൂടുമായിരുന്നു. പരീക്ഷയ്ക്കുമുമ്പ് അവൾ അഭ്യർത്ഥിക്കും: അമ്മേ, നാളെ ഞങ്ങളുടെ പരീക്ഷ തുടങ്ങും. അമ്മയുടെ അനുഗ്രഹവും പ്രാർത്ഥനയും ചോദിക്കാനാണു ഞങ്ങൾ വന്നത്. അമ്മ പ്രാർത്ഥിച്ചതുകൊണ്ട് കഴിഞ്ഞ പരീക്ഷയ്ക്ക് ഞങ്ങൾക്കു നല്ല മാർക്കു കിട്ടി. അമ്മയുടെ ആശ്വാസ വചസ്സുകളും വാഗ്ദാനവും ഇപ്രകാരം: തീർച്ചയായും ഞാൻ പ്രാർത്ഥിക്കും. ഈശോ നിങ്ങളുടെ കൂടിയുണ്ട്, ഇപ്രാവശ്യം നിങ്ങൾക്ക് നല്ല മാർക്കുകിട്ടും. വീണ്ടും കുട്ടികൾ അമ്മയോട് അഭ്യർത്ഥിക്കുന്നു. അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം. തോട്ടത്തിലായിരുന്ന അൽഫോൻസാമ്മ കുട്ടികളോടു പറയുന്നു: ഈ റോസാപ്പൂക്കൾപോലെ നിങ്ങൾ ഈശോയുടെ പരിമളംപരത്തുന്നവരും പരസ്പരം സ്‌നേഹിക്കുന്നവരുമായിരിക്കണം.

ഞാൻ സഹിക്കുന്നില്ല; സ്‌നേഹിക്കുകയാണ്
ഒരിക്കൽ ഒരു സിസ്റ്റർ അമ്മയോടു ചോദിച്ചു. എങ്ങനെയാണു സഹോദരി ഇത്രയേറെ വേദനകൾ സഹിക്കുന്നത്? അത്ഭുതകരമായ ആ മറുപടി കേൾക്കണ്ടേ?

ഞാൻ സഹിക്കുന്നില്ല. ഞാൻ സ്‌നേഹിക്കുകയാണ്. അതിന്റെ അർത്ഥം സഹനം=സ്‌നേഹം. സഹിക്കുമ്പോൾ കുരിശിലെ ഈശോയോടു നാം ഒന്നാകുന്നു. അതിനെക്കാൾ വലിയ അനുഗ്രഹമെന്താണുള്ളത്? കുരിശിൽ ഞാൻ ചെലവഴിക്കുന്ന ഓരോ നിമിഷവും എനിക്ക് ഒരു ബഹുമതിയാണ്. ഈ സമയത്താണ് ഈശോ എന്റെ കാര്യത്തിൽ ഏറ്റമധികം ശ്രദ്ധിക്കുക.

വീണ്ടും രോഗശയ്യയിൽ
സി. അൽഫോൻസായുടെ അസുഖം വർദ്ധിക്കുന്നു. അവളെ കരുതുന്ന ഊർസുലാമ്മ (മഠാധിപ) അന്വേഷിക്കുന്നു. എങ്ങനെയുണ്ട് അൽഫോൻസാ? വേദന വർദ്ധിച്ച് അസഹനീയമാകുന്നുണ്ടോ? അവൾ മറുപടി നല്കുന്നു: അമ്മേ, ഈശോ എന്നെ വെട്ടിയൊരുക്കുകയാണ്. മകളുടെ ഈ വലിയ സഹനത്തിനു തീർച്ചയായും ഏറെ ഫലങ്ങളുണ്ടാകും. നിന്റെ പ്രാർത്ഥന വളരെ ശക്തമാണ്. ഊർസുലാമ്മയുടെ അതിപ്രചോദനാത്മകമായ വാക്കുകൾ! ഏറെ ഫലം പുറപ്പെടുവിക്കുന്ന ഒരു വൃക്ഷമാവണം. അമ്മ എനിക്കുവേണ്ടി ചെയ്യുന്നതിനെല്ലാം ഒത്തിരി നന്ദിയുണ്ടമ്മേ. എന്റെ ഈശോയേ, ഈ കുരിശ് അങ്ങെനിക്കു തന്നില്ലായിരുന്നെങ്കിൽ അങ്ങയെ ഇതുപോലെ സ്‌നേഹിക്കാൻ എനിക്ക് എങ്ങനെ കഴിയുമായിരുന്നു? എന്റെ ഈശോയേ, ഈ കുരിശുരൂപംവഴി അങ്ങേയ്ക്ക് എന്നോടുള്ള സ്‌നേഹം വ്യക്തമാക്കുമ്പോൾ, ഞാൻ സന്തോഷംകൊണ്ടു നിറയുന്നു.

എന്റെ ദിവ്യ ഈശോയേ നന്ദി!
അത്യത്ഭുതകരം
ഒരിക്കൽ പാലാ, ചങ്ങനാശ്ശേരി പ്രദേശങ്ങളിൽ മലേറിയാ പടർന്നുപിടിച്ചു. കാളാശ്ശേരി പിതാവും ഈ മാരകരോഗത്തിന് അടിപ്പെട്ടു. അപ്പോൾ സി. അൽഫോൻസാ ക്രൂശിതനായ ഈശോയോട് ഇങ്ങനെ പ്രാർത്ഥിച്ചു. ഈശോയേ, അഭിവന്ദ്യ പിതാവിനു ധാരാളം ഉത്തരവാദിത്വങ്ങളുണ്ട്. ഞാനെന്റെ സമയം വെറുതെ പാഴാക്കുകയാണ്. നല്ല ഈശോയേ, പിതാവിനെ സുഖപ്പെടുത്തണമേ! അദ്ദേഹത്തിന്റെ അസുഖം എനിക്കു തരുക.

അതിശക്തമായ ആ പ്രാർത്ഥന ഈശോ കേട്ടു. മെത്രാനച്ചനു സൗഖ്യം കൊടുത്തു. അൽഫോസായ്ക്കു മലേറിയ നല്കുകയും ചെയ്തു. ഈ വിവരമറിഞ്ഞ ഒരു സിസ്റ്റർ അൽഫോൻസായെ ഗൗരവമായി കുറ്റപ്പെടുത്തി. മഠാധിപ അവളുടെ സഹായത്തിനെത്തി. അവർ പറഞ്ഞു: അങ്ങനെ പറയരുത്. സഹിക്കാൻ സന്നദ്ധതയുള്ളവർക്കേ സർവ്വശക്തൻ സഹനം അനുവദിക്കുകയുള്ളൂ.

രോഗം മൂർദ്ധന്യത്തിൽ
അൽഫോൻസായുടെ രോഗം മൂർച്ഛിക്കുന്നു. ഊർസുലാമ്മ അവളോടു പറയുന്നു: എന്റെ മകളേ, എനിക്കു നിന്റെ ഈ സഹനം കണ്ടുനിൽക്കാൻപോലും വലിയ ബുദ്ധിമുട്ടാകുന്നു. ഇതു മാറ്റിത്തരാൻ ഈശോയോടു നീ പറയുക. വിശുദ്ധ ഇങ്ങനെയാണ് പ്രതികരിച്ചത്. അമ്മേ വാസ്തവത്തിൽ ഈ സഹനം കഠിനമാണ്. പക്ഷേ, ഇതിനുശേഷം കിട്ടുന്ന നിത്യസന്തോഷം ഓർക്കുമ്പോൾ എല്ലാം താങ്ങാനുള്ള ശക്തി എനിക്കു കിട്ടുന്നുണ്ട്.

1946 ജൂലൈ 27 ന് ഭരണങ്ങാനം പള്ളി വികാരി പ്ലാത്തോട്ടത്തിൽ ബഹു. കുരുവിളയച്ചൻ സി. അൽഫോൻസായെ സന്ദർശിച്ചു രോഗവിവരം ചോദിച്ചറിഞ്ഞു. അച്ചാ, നാളെ എനിക്കൊരു യുദ്ധം ചെയ്യാനുണ്ട്! അങ്ങനെയായിരുന്നു സഹനദാസിയുടെ മറുപടി. അച്ചൻ വ്യക്തമാക്കി. നീ പല യുദ്ധങ്ങളും നടത്തി വിജയിച്ചിട്ടുണ്ടല്ലോ. നിന്റെ ആയുധങ്ങൾ മൂർച്ചയേറിയതും സദാ സജ്ജവുമാണല്ലോ. അതെ അച്ചാ. ഉറച്ച ബോധ്യത്തോടുകൂടിയ മറുപടി. അടുത്ത ദിവസം ഞാൻ തയ്യാറാണ്. ഈശോയെ സദയംവന്ന് എന്നെ കൂട്ടിക്കൊണ്ടുപോകൂ എന്നുപറഞ്ഞ് ഈശോയെ ഹൃദയത്തിൽ കൗദാശികമായി അവൾ സ്വീകരിച്ചു. തുടർന്നു മറിയമേ എന്റെ  അമ്മേ എന്നുകൂടി വിളിക്കുകയുണ്ടായി. മഠാധിപ ഊർസുലാമ്മ, കുഞ്ഞേ സമാധാനത്തിലായിരിക്കുക എന്നുപറഞ്ഞ് ഈശോയുടെ അസാധാരണ മണവാട്ടിയെ ആശ്വസിപ്പിച്ചു. അമ്മേ ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്. എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ, മറിയം, യൗസേപ്പേ, എന്റെ അടുത്തുണ്ടായിരിക്കണമേ! ഞാൻ ഉറങ്ങട്ടെ. ദയവായി ആരും എന്നെ ഉണർത്തരുതേ! ഈ വാക്കുകളോടെ 1946 ജൂലൈ 28 ന് ആ പാവനാത്മാവു സ്വർഗ്ഗം പൂകി.

Share This Article
error: Content is protected !!